Thoughts | AJESH KUMAR N K | 28/06/2020
ഭക്ഷണം:
എവിടെ പോയാലും, എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിലെത്താൻ മോഹം; അവരുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ.
അഹങ്കാരം:
അഹങ്കരിക്കാൻ ഒന്നുമില്ലെങ്കിലും ഞാൻ അഹങ്കരിച്ചു; അവരാണ് എൻ്റെ അഹങ്കാരം.
രുചി:
എല്ലാത്തിനും നല്ല രുചിയായിരുന്നു; അരുചി പറഞ്ഞാൽ, അവരിൽ നിന്ന്, അടി ഉറപ്പായിരുന്നു.
ഉയരം:
തിരിച്ചു വരാനുള്ള മോഹം, ഉയരങ്ങളിലേക്കുള്ള യാത്രയെ വിലക്കി; തിരുച്ചു വീട്ടിൽ എത്തുമ്പോൾ ഞാൻ എന്നും ഉയരത്തിലായിരുന്നു, അവരോടൊത്.
ശാന്തം:
അവരുടെ സാന്നിധ്യം മാത്രം മതി മനസ്സ് ശാന്തമാകാൻ. പറഞ്ഞത് കുറച്, പറയാതെ പറഞ്ഞതാണ് അധികവും.
അല്ലൽ:
അല്ലലില്ലാതെയാണ് അവരെന്നെ വളർത്തിയത്. അതായിരിക്കാം അവരുടെ ഇന്നത്തെ അല്ലൽ.
ജയം:
തോൽവി എനിക്കൊരു ശീലമാണ്. എല്ലാ തോൽവിയിലും അവർ ഒപ്പമുണ്ടെന്നുള്ളതാണ് എൻെറ ജയം.
സംശയം:
എന്തിനും ഏതിനും അവർ എൻ്റെ കൂടെയുണ്ട്. എന്തിനും ഏതിനും ഞാൻ അവരുടെ കൂടെയുണ്ടോ ?
കാര്യവിചാരം:
അവരുടെ കാര്യങ്ങൾ ഒന്നും എൻ്റെ വിചാരങ്ങളിലില്ല. എന്നാൽ എന്റെ വിചാരങ്ങളിൽ ഒരു കാര്യവും ഇല്ല.
പൊക്കം:
അവർക്ക് എന്നെക്കാളും പൊക്കം കുറവാണ്. എന്നാൽ എൻ്റെ വിശാല ഹൃദയത്തിന് അവരുടെ ചെറുവിരലിന്റെ പൊക്കമേ ഉള്ളു.
മറവി:
പഠിച്ചതെല്ലാം മറന്നു; പഠിപ്പിച്ച അവർ മാത്രമാണെൻറെ ഓർമ്മ.
ഒരുമ:
അവരാണ് ഒരുമയോടിരിക്കാൻ പറഞ്ഞത്; എന്നാൽ എൻ്റെ പിണക്കം മുഴുവൻ അവരോടായിരുന്നു.
തോന്നൽ:
അവരുടെ നിരുപാധിക സ്നേഹം, മിഥ്യ മാത്രമാണെന്നായിരുന്നു എൻ്റെ തോന്നൽ. എന്നാൽ അത് മാത്രമായിരുന്നു സത്യം.
അവർ: അമ്മയും അച്ഛനും പൂർവികരും… അവർ മാത്രമാണ് സത്യം…!